Sunday, October 2, 2011

പ്രണയലേഖനം

പ്രിയപ്പെട്ട സഖി,

ഈ സഖി എന്നാൽ സുഹൃത്ത് എന്നല്ലേ, ദൂരെ ദിക്കിൽ നിന്നു ഞാൻ അറിയാത്ത നിനക്കായി, നീ അറിയാത്ത എനിക്കായി,

ഈ വാക്കുകൾ മനസ്സിലൂടെ സഞ്ചരിക്കുമ്പോൾ എന്തു ചിന്തകളായിരിക്കും നിന്റെ മനതാരിലേക്ക് വന്നുചേരുക?. ഒരുപാട് കാലം ഈ വാക്കുകളിലൂടെ, എന്റെ മനസ്സിന്റെ താളങ്ങൾ എഴുത്തിന്റെ വഴികളിലേക്ക് എത്തിക്കമെന്ന് ആഗ്രഹിച്ചിരുന്നത് . അക്ഷരങ്ങൾ ആരോട് സംസാരിക്കുമെന്ന് എനിക്കറിയില്ല. നേരിട്ട് ആരോടും ഞാൻ അധികമൊന്നും സംസാരിക്കാറുമില്ല,പിന്നെ തുടക്കമിട്ടാൽ സംസാരിച്ചിരിക്കും അതുവരെ നീയോ ഞാനോ ക്ഷമിച്ചിരിക്കണം. ഒരു പ്രണയലേഖനത്തിനോ കത്തിനോ യാതൊരു പ്രസ്‌ക്തിയും ഇന്നു കാണുന്നില്ല. എന്നാലും ഞാൻ ആ പഴഞ്ചൻ (!) ഏർപ്പാട് ഇഷ്ടപ്പെടുന്നുണ്ട്. പക്ഷെ അതിൽ മൊത്തം പഞ്ചാര മിഠായികൾ കൊണ്ട് നിനക്കോ എനിക്കോ പ്രമേഹം വരുത്താൻ ആഗ്രഹിക്കുന്നുമില്ല. 

എന്റെ മനസ്സിലെ പ്രണയത്തിന്റെ അവസ്‌ഥ എനിക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ല. ആരോടും പ്രണയാഭ്യർത്ഥന നടത്തിയിട്ടുമില്ല (!) കാരണം എന്റെ ചിന്താഗതികൾ തുറന്നു പറയാൻ ഒരു സഖി വേണ്ടേ! കലാലയത്തിൻ സുന്ദര നിമിഷങ്ങളിൽ പല സുഹ്ർത്തുകൾ പ്രണയത്തിന്റെ എസ്.എം.എസുകളൂം രാത്രിയുടെ നീണ്ട യാമങ്ങളിലെ സംസാരങ്ങളും നടത്തുന്ന കാഴ്ച്ചകൾ എന്നെ ഒരു കാമുകനാക്കുവാൻ ആഗ്രഹിപ്പിച്ചിട്ടില്ല. ഒരു നിലാവിലുള്ള രാത്രി എന്റെ കൂട്ടുകാരോട് എന്റെ സ്വപ്‌നങ്ങളെ കുറിച്ച് പറഞ്ഞിരുന്നു . അതിൽ നീ എന്ന അവളുമുണ്ടായിരുന്നു . അന്ന് തൂവെള്ളയിൽ പ്രകാശം ചൊരിഞ്ഞിരുന്ന അമ്പിളിതിങ്കൾ എന്നെ നോക്കി ഒരുപാട് നേരം പുഞ്ചിരി തൂകി. 


സ്വപ്‌നങ്ങളെ കുറിച്ച് സംസാരിക്കാൻ ഏറ്റവും കൂടൂതൽ താൽപര്യപെടുന്നവനാനു ഞാൻ. ആ സ്വപ്‌നങ്ങൾ യഥാർത്ഥ്യത്തിൽ വെളിച്ചം തന്നില്ലെങ്കിലും, സുന്ദരമായ നിറങ്ങളിൽ വരച്ചെ ടുത്ത ചിത്രങ്ങൾ മനസ്സിൽ എന്നും സൂക്ഷിച്ചു വെച്ച് കൊണ്ടിരിക്കും. കുട്ടികാലത്ത് കടലാസിൽ പൂക്കളുടെയും ശലഭങ്ങളുടെയും ചിത്രങ്ങൾ (!) വരച്ച് അലമാരയിൽ സൂക്ഷിച്ചു വെക്കുമായിരുന്നു, അൽഭുതങ്ങൾ സംഭവിക്കുമെന്ന പ്രതീക്ഷയിൽ. അതുപോലെ ഇന്നും അങ്ങനെ കുറെ ചിത്രശലഭങ്ങളെ എന്റെ മനമെന്ന പൂന്തോട്ടത്തിൽ വളർത്തുന്നു . ഒരു സ്വപ്‌ന ജീവി തന്നെ ഞാൻ, എന്റെ കൂട്ടുകാരോട് പറഞ്ഞ സ്വപ്നത്തിലെ സുന്ദരിയായ ഒരു പെൺകുട്ടിയെ കുറിച്ച് നിനക്ക് അറിയണ്ടേ !!

എന്നെ പോലെ നിന്നെ പോലെ എന്നും തന്റെ കാൻവാസിൽ ചിത്രം നെയ്തിടുക്കുന്നവളാണ്. എത്രയോ അറിയപ്പെട്ടാതെ വിസ്മയങ്ങളായ പൂക്കളെയാണ് അവൾ ആരോടും പറയാതെ സൂക്ഷിച്ചുവെച്ചിരിക്കുന്നത്.വഴിനിറയെ റോസാപ്പൂകളുടെ സുഗന്ധത്തിൽ മതിമറഞ്ഞ് ആർമാദലഹരിയിലാക്കുന്നില്ല അവൾ, മുന്നോട്ടുള്ള യാത്ര തൂടർന്നുകൊണ്ടിരിക്കുകയാണ്. ചിന്തകൾക്ക് ആധുനികതയുടെ കോസ്‌മറ്റിക് തരംഗങ്ങളില്ല. മധുരം ഇഷ്ടപ്പെട്ടുന്നവൾ നറുപുഞ്ചിരി തൂകുന്ന കുഞ്ഞുങ്ങളുടെ ചുണ്ടുകൾക്കും മധുരം പങ്കിടുന്നു. ആത്മാവിന്റെ വെളിച്ചവും സൗന്ദര്യവുമായിരുന്നു അവൾ എന്നും മോഹിച്ചിരുന്നത്. ഇന്നലെകളിലും ഇന്നും കേട്ട് കൊണ്ടിരിക്കുന്ന റാപ്പുകളിൽ നിന്നു വല്ലാതെ അകലം പാലിച്ചിരുന്നവൾ.എന്നേക്കാൾ ദൈവത്തിന്റെ അടുത്തേക്ക് ഓടി ചെല്ലുവാനും കൂടെയുള്ളവരെ കൈപിടിച്ച് സ്വർഗ്ഗത്തിൻ കവാടത്തിലേക്ക് പ്രവേശിപ്പിക്കുവാനും അവൾ വല്ലാതെ ആഗ്രഹിച്ചിടുന്നു. ഓരോ വാക്കുകളും പ്രവർത്തികളുടെ ഫലമായി സ്നേഹത്തിൻ ധാരയായി ഒഴുകിയിടുന്നു.യാത്രകളെ വല്ലാതെ ഇഷ്ടപ്പെടുന്നവൾ മദീന എന്ന സ്വർഗ്ഗത്തിലേക്കായിരുന്നു കണ്ണും നട്ട് നോക്കിയിരുന്നത്.

ആ നോട്ടം എന്നെ വല്ലാതെ ആകർഷിച്ചു. പ്രണയത്തിൽ പൂമൊട്ടുകൾ എന്നിലേക്ക് വിതറിയോ അവൾ. എന്റെ കണ്ണുകൾ ഉണർന്ന് നോക്കിയപ്പോൾ എല്ലാം സ്വപ്‌നമായി  സെക്കന്റുകളിലേക്ക് മാറിയിരുന്നു. ഇപ്പോൾ ആ സ്വപ്നത്തിന്റെ തുടർച്ചയിലേക്ക് നോക്കിയിരിക്കുകയാണ് ഞാൻ.

സഖി, ആ സ്വപ്‌ന സുന്ദരി  നീ ആണോ? നീ എനിക്ക് പറഞ്ഞു തരുമോ ?